Wednesday, July 31, 2013

കവി



അഗ്നിപർവതച്ചെരുവിൽ
നിഷ്ക്രിയതയുടെ വളം ഭക്ഷിച്ച്
കളകൾ വളർന്നു..

ഒരു വിപ്ലവത്തിന്റെ രണ്ടാം ഭാഗം
ഉള്ളിൽ സൂക്ഷിക്കുന്ന ഞാൻ
ഒരു കവിതയെ വെളിയിലേക്കിറക്കി വിട്ടു...

എന്നിട്ട്
സുഖമായുറങ്ങി..

Thursday, March 12, 2009

സമവാക്യങ്ങള്‍

ഗണിത പുസ്തകത്തിലെ
ജ്യാമിതീയ രൂപങ്ങളില്‍ ചേക്കേറി,
അകലാനരംഭിച്ച ഒറ്റ ബിന്ദു തേടി
യാത്രയാരംഭിച്ചപ്പോഴാണ്
സമവാക്യങ്ങളുടെ
അപൂര്‍ണത നാം തിരിച്ചറിഞ്ഞത്....

Wednesday, February 18, 2009

ഉണക്കം

മുറിവുകളിലൂടെ
വാക്കുകള്‍ വാര്‍ന്നു,
കടലാസുകള്‍ കുതിര്‍ന്നു...
ഇന്ന്,
ഒരു ചുംബനത്താല്‍ നീയെന്റെ മുറിവുണക്കയല്ലോ....
ഇനിയെനിക്ക് വാക്കുകളെന്തിന്?

Tuesday, September 23, 2008

മൂന്നു കവിതകള്‍

പിരിവ്
സംഭാവന ഗംഭീരമാവണം സര്‍,
ഉത്സവം പൊടീ പൊടീക്കണ്ടേ?

ഭിക്ഷ
രസീതില്ലാതെ ഞങ്ങള്‍ ഭിക്ഷ
തരുന്നതെങ്ങിനെ,സുഹ്രുത്തേ?

മറവി
ഭാര്യക്കോ മക്കള്‍ക്കോ
അച്ചനോ അമ്മയ്ക്കോ
അങ്ങനെ ആര്‍ക്കും രസീത് നല്‍കാതെ
ആരെയും സംഭാവന വാങ്ങുന്ന ഒരാള്‍
ഭയത്തിന്റെ വാതിലുകള്‍‍ക്കും
വിശുദ്ധിയുടെ ചുവരുകള്‍ക്കുമപ്പുറം
ക്ഷമയൊടെ കാത്തു നില്പുണ്‍ടെന്ന്
ആരും ഓര്‍ക്കാറില്ല.